Monday, November 30, 2009

പത്മവ്യൂഹം അഥവാ ഒരു ബാംഗ്ലൂര്‍ യാത്ര...

ഓം അരവിന്ദേട്ടാ നമഹ.... ഓം മനുവേട്ടായ നമഹ... ഓം കുറുമാനായ നമഹ... ഓം സകല ബ്ലോഗേശ്വരായ നമഹ ...


ഇതു എന്റെ ആദ്യത്തെ ബ്ലോഗ് ആകുന്നു. ഇതു 'തറ' (കൂതറ ആകുമോ.... :( ഏയ്‌... ഇല്ലായിരിക്കും...) ആകുകയാണെങ്കില്‍ നിങ്ങള്‍ എന്നെ ഇരുട്ടടി അടിക്കുകയും ഇതു തന്നെ എന്റെ ഒടുക്കത്തെ ബ്ലോഗ് ആക്കി മാറ്റുകയും ചെയ്യണം എന്ന് വിനയകുനയനായി അപേക്ഷിക്കുന്നു ...


ആദ്യം എന്നെപ്പറ്റി അല്പം . ഇടുക്കി ജില്ലയിലെ പ്രകൃതി രമണീയമായ ഒരു കൊച്ചു ഗ്രാമം. അവിടെയാണ് നോം ഭൂജാതനായത്‌. സത്യായിട്ടും ഞാന്‍ ജനിച്ചപ്പോള്‍ നല്ല കുട്ടി ആയിരുന്നു. പിന്നെ ഉപരി പഠനത്തിനായി തമിഴ്‌ നാട്ടിലെ ചില ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് ചേക്കേറുകയും അങ്ങനെ സാമാന്യം നല്ലൊരു പാഴ് ആയി മാറുകയുമാണ് ഉണ്ടായത്‌. എഞ്ചിനീയറിംഗ് കഴിഞ്ഞപ്പോ ഞാന്‍ കരുതി ഞാന്‍ പുലി തന്നെ എന്ന്. ജോലി തെണ്ടി കൂമ്പ്‌ കരിഞ്ഞപ്പോ തോന്നല്‍ അങ്ങ് മാറി. പിന്നെ കാക്കനാട് ഉള്ള ഒരു സ്ഥാപനത്തില്‍ മഹാനായ ഒരു മാനേജരുടെ കീഴില്‍ കുറച്ചു കാലം ജോലി ചെയ്തു. എല്ലായിടത്തെയും പോലെ നമ്മള്‍ ഒടുക്കത്തെ പെര്‍ഫോര്‍മന്‍സ് ആയതു കൊണ്ടാവണം, കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ പോയ്ക്കോളാന്‍ പറഞ്ഞു...( ലിനക്സ് ഫയങ്കര stable ആണെന്ന് ഏത് മഹാനാ പറഞ്ഞെ? )
അത് കഴിഞ്ഞാണ് ബംഗ്ലൂര്‍ക്ക് കേട്ടിയെടുത്തതും നല്ലൊരു കമ്പനിയില്‍ കയറിക്കൂടിയതും.


പണ്ട് മുതലേ തന്നെ , ഞാന്‍ ഉത്തരവാദിത്വമില്ലായ്മയുടെ കാര്യത്തില്‍ ഉസ്താദ്, രാവണപ്രഭു, റാംജിറാവു സ്പീകിംഗ് ഒക്കെ ആയിരുന്നു. ജ്വാലികള് കൂടി ആയിക്കഴിഞ്ഞപ്പോള്‍ വെറുതെ ഇരിക്കല്‍ പ്രക്രിയക്ക് കൂടുതല്‍ സമയം കണ്ടെത്താന്‍ ശ്രമിച്ചു. എനിക്കു തോന്നുന്നു എല്ലാവരുടെയും ബാച്ച്ലര്‍ ലൈഫ് ഇങ്ങനെയൊക്കെത്തന്നെ ആയിരിക്കും എന്ന്. ഒരു 90% ഒറ്റത്തടിയന്മാരുടെയും തലയില്‍ ഫിറ്റ്‌ ചെയ്തിരിക്കുന്നത് വല്ല EEPROM ആയിരിക്കും. അതായത് സിറ്റുവേഷന്‍ അനുസരിച്ച് കമ്പ്ലീറ്റ്‌ മായ്ച്ചു കളഞ്ഞു വീണ്ടും പ്രോഗ്രാം ചെയ്തു വെക്കാം. വാട്ട് ആന്‍ ഇന്റലിജെന്റ്റ് ഐഡിയ! എക്സ്ട്രീംലി ഫ്ലെക്സിബിള്‍! ഒന്ന് രണ്ടു ഉദാ: കൊണ്ട് ഇത് വ്യക്തമാകും.

ഒരു ഉദാ : നമ്മള്‍ തിരുവനന്തപുരത്തിന് പോകാന്‍ ബസില്‍ ഇരിക്കുന്നു എന്ന് വെക്കുക. വര്‍ക്കല ഏരിയ എത്തുമ്പോള്‍ ആണ് ഒരു ഉള്‍വിളി,  നമുക്ക് രണ്ടു കുപ്പി അന്തി അടിച്ചാലോ എന്ന് തോന്നുന്നത്. ഉടന്‍ തന്നെ ചാടിയിറങ്ങി നേരെ വെള്ളിയാഴ്ച്ചക്കാവില്‍ (തെക്കന്‍ കേരളത്തിലെ പ്രശസ്തമായ ഷാപ്പ്‌. രസികന്‍ ഫുഡ്‌ ആണ് കേട്ടോ) പോകാം. അഥവാ അന്തി ലേശം മൂത്താല്‍ അന്ന് അവിടെ തങ്ങി (ഏയ്‌, ഞാന്‍ അങ്ങനെ ചെയ്തിട്ടില്ലാട്ടോ :P ) രാവിലത്തെ ഇളവന്‍ കൂടി അടിച്ചിട്ട് പോകാം. എപ്പടി?   മറ്റൊരു ഉദാ: നമ്മള്‍ വെള്ളിയാഴ്ച ജോലികളൊക്കെ കഴിഞ്ഞു ക്ഷീണിച്ചു ഇരിക്കുമ്പോള്‍ ( തന്നെടെയ്! )   തീരുമാനിക്കുന്നു 2 ലാര്‍ജ് അടിച്ചേക്കാം എന്ന്. ഗഡികളെയൊക്കെ കൂട്ടി നമ്മുടെ ഗന്ഗോത്രിയില്‍ പോയി 1 ലാര്‍ജ് കഴിയുമ്പോള്‍ തന്നെ EEPROM ഫ്ലാഷ് ചെയ്തു 6 ലാര്‍ജ് എന്ന് ഫിക്സ് ചെയ്യാം :) എന്തൊരു മനോഹരമായ ജീവിതം. ചോദിക്കാനും പറയാനും ഒരുത്തനും ഇല്ല. 
ഇനി ഈ പറഞ്ഞ ഉദാ: കള്‍ ഒരു വിവാഹിതന്റെ കാര്യത്തില്‍ ആണെങ്കിലോ? എന്റെ റബ്ബേ! ആലോചിക്കാന്‍ പോലും വയ്യ. താലിച്ചരട് കെട്ടുന്ന സമയത്ത് ഈ പുരുഷ  കേസരികളെല്ലാം തലയില്‍ സാധാരണ IC ചിപ്പ് അല്ലെങ്കില്‍ വെറും ROM ഫിറ്റ്‌  ചെയ്യുമായിരിക്കും :( വാട്ട് എ ട്രാജഡി  :(

 പക്ഷെ  ഈ ഉത്തരവാദിത്വരഹിത തലമുറ ബാന്ഗ്ലൂരില്‍ നിന്ന് നാട്ടില്‍ പോകാനും തിരിച്ചു വരാനും ബസ്‌ അല്ലെങ്കില്‍ ട്രെയിന്‍ ടിക്കറ്റ്‌ നേരത്തെ പ്ലാന്‍ ചെയ്തു ബുക്ക്‌ ചെയ്തു വെക്കാറുണ്ട് എന്നതാണ് രസകരം. ആ കാര്യത്തില്‍ മാത്രം ഫയങ്കര പ്ലാനിംഗ് ആണ്. കൂടെ വല്ല മല്ലു പെണ്‍ കൊടികള്‍ ഉണ്ടെങ്കില്‍ പിന്നെ പറയാനില്ല. കോഡ് എഴുതുന്നതിനെക്കാള്‍ സൂക്ഷ്മതയോടെ ലവന്മാര്‍ ജേര്‍ണി പ്ലാന്‍ ചെയ്യും. ആ കാര്യത്തിലും ഈയുള്ളവന്‍ മടിയനാണ്. നമ്മുടെ നാട്ടില്‍ പോക്ക് എന്ന് പറഞ്ഞാല്‍ ഒരു നാല് മണിക്ക് പോകാന്‍ തീരുമാനിക്കുകയും അഞ്ചു മണിക്ക് ബസില്‍ കയറുകയും ആണ്. ബസ്‌ എന്ന് പറഞ്ഞാല്‍ കല്ലട, ഷാമ, കെ. പി. എന്‍. തുടങ്ങിയ നോണ്‍-സ്റ്റോപ്പ്‌ ബസുകള്‍ അല്ല. നമ്മുടെ നാടന്‍ സ്വദേശി ബസുകള്‍. അതായതു കര്‍ണാടക, തമിഴ്‌നാട്, കേരള സര്‍ക്കാര്‍ സ്പോണ്സര്‍ ചെയ്തിട്ടുള്ള കെ എസ് ആര്‍ ടി സി, ടി എന്‍ എസ് ടി സി, എസ് ഇ ടി സി തുടങ്ങിയ ബസുകള്‍. ഇവകള്‍ ദീര്‍ഖ ദൂര യാത്രകള്‍ക്ക് തീരെ പറ്റിയതല്ലാത്തതു  കൊണ്ട് (അമ്മച്ചിയാണേ,  ശരീരത്തിലെ 206  അസ്ഥികള്‍ക്കും കേടു സംഭവിക്കും)  ഹോസുര്‍, ധര്‍മപുരി, സേലം, ദിണ്ടുഗല്‍, തേനി, കമ്പം തുടങ്ങിയ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചാണ് നമ്മുടെ യാത്ര. ( ഇത്തരം യാത്രകള്‍ പൊതുവേ ഭീകരമാണ് എന്നാണ് സങ്കല്പമെങ്കിലും എനിക്ക് പലപ്പോഴും അത് രസകരമായിട്ടാണ് തോന്നിയിട്ടുള്ളത്. നിങ്ങള്‍ അനുവദിച്ചാല്‍ ഭാവിയില്‍ ഇതിനെപ്പറ്റി അല്പം എഴുതാം )


അങ്ങനെ നോം ഒരു ദിവസം സുഹൃത്/ബന്ധു സന്ദര്‍ശനത്തിനായി കാഞ്ഞിരപ്പള്ളിക്കടുത്തുള്ള കാളകെട്ടി എന്നാ സ്ഥലത്ത് എത്തുന്നു. കാളതോമ്മന്‍ എന്നറിയപ്പെടുന്ന ടോമി ( കാളകെട്ടിയിലെ ടോമി = കാളതോമ്മന്‍ ) എന്ന എന്റെ കസിന്‍ ഭാര്യാസമേതം താമസിക്കുന്നത് അവിടെയാണ്. എന്റെ ചേട്ടന്‍ എന്ന ടിയാനും (പുള്ളി ടെക്നോപാര്‍ക്കില്‍ വര്‍ക്ക്‌ ചെയ്യുന്നു. എന്നെപ്പോലെ മറ്റൊരു സോഫ്റ്റ്‌ വയറന്‍ ) ഹാജര്‍. ഇടക്ക് ഞങ്ങള്‍ ഇങ്ങനെ കൂടാറുണ്ട്. കഥ, പാട്ട്, ടെക്നോളജി, കാറുകള്‍, കള്ളുകുടി,  വാള് വെക്കല്‍ തുടങ്ങി ആകാശത്തിനു താഴെയുള്ള സകല ടോപിക്കും ഞങ്ങള്‍ സംസാരിക്കുകയും പ്രാക്ടിക്കല്‍ (അവസാനത്തെ 2 ടോപിക് മാത്രം) ആക്കാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്. 
അപ്പോള്‍ ശനിയാഴ്ച രാത്രി ഒന്ന് കൂടി, ഞായറാഴ്ച ഉച്ചയോടെ പതിവ് പോലെ എങ്ങനെ ബംഗ്ലൂര്‍ക്ക് പോകണം എന്ന് ആലോചിക്കാന്‍ തുടങ്ങി. അന്ന് പാലയില്‍ നിന്ന് ഉച്ചക്ക് ഒരു സുപ്രന്‍ ഉണ്ട്. മൈസൂര്‍ വഴി. അതിനു പോകാന്‍ തുടങ്ങിയ എന്നെ കാളതോമ്മന്‍, ചേട്ടന്‍ എന്നിവര്‍ മസ്തിഷ്ക പ്രക്ഷാളനം (നമ്മടെ brain wash) ചെയ്തു ഒരു വഴിയാക്കി. അവര്‍ മറ്റൊരു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നു. അതായത് ഇവിടുന്നു comrade എന്ന ഫാസ്റ്റ് പാസഞ്ചറില്‍ കയറി മൂവാറ്റുപുഴ എത്തിയാല്‍ കോട്ടയത്ത്‌ നിന്ന് വരുന്ന കര്‍ണാടക KSRTC (രാജഹംസ) കിട്ടുമത്രേ! സംഭവം കേട്ടപ്പോള്‍ ഞാനും കരുതി, എന്തിനാ വെറുതെ ഉച്ചക്ക് തന്നെ പോകുന്നത്, അതും സുപ്രനില്‍ ബംഗ്ലൂര്‍ എത്തുമ്പോള്‍ കുഴീലോട്ട് എടുക്കാറാകും. രാജഹംസ  കിട്ടിയാല്‍ ജ്വാളിയായിട്ടു പോകാം. മാത്രമല്ല, കര്‍ണാടക KSRTC ആയതു കൊണ്ട് തരുണീ മണികളുടെ എണ്ണം കൂടാനും ചാന്‍സ് ഉണ്ട് :)
അങ്ങനെ പുറപ്പെട്ടു. 
സീന്‍ 1: മൂവാറ്റുപുഴ KSRTC

Comrade കറക്റ്റ് സമയത്ത് വന്നു. 3.50നു മൂവാറ്റുപുഴ എത്തി. അവിടെ ബാന്ഗ്ലൂരിയന്‍സ് എന്ന് തോന്നിക്കുന്ന ക്രൂരമായ മുഖഭാവത്തോടെ കുറെ പേര്‍ നില്‍ക്കുന്നു. അപ്പോള്‍ തന്നെ പന്തികേട്‌ തോന്നി. സീറ്റ് കിട്ടാതെ വരുമോ? (വണ്ടി വന്നിട്ടല്ലേ സീറ്റ്! ) 5 മണി വരെ കാത്തു നിന്നിട്ടും രാജഹംസ പോയിട്ട് വെറും ഹംസ പോലും വന്നില്ല. ക്രൂരന്മാര്‍ പലരും പുറകെ വന്ന വണ്ടികളില്‍ കയറി പോകാന്‍ തുടങ്ങുന്നു. 5 മണി ആയപ്പോള്‍ കൂടുതല്‍ തമാശ കളിക്കാതെ ഒരു LSFP യില്‍ കയറി. കാലില്‍ ആണിയുള്ള ഒരുത്തന്‍. പക്ഷെ ബ്രേക്ക് ചവുട്ടുമ്പോള്‍ ആണിയുള്ളതായി തോന്നുന്നില്ല. നല്ല അമറന്‍ ചവുട്ട്. 7.15നു തൃശൂര്‍.   


സീന്‍ 2: തൃശൂര്‍ KSRTC
ഒരു പട. മൊത്തം shoulder ബാഗും കയ്യില്‍ വെള്ളത്തിന്റെ കുപ്പിയും. എല്ലാ നാറികളും ബാന്ഗ്ളൂര്ക്കാ :( പണ്ടാരമടങ്ങാന്‍. വേറെ ഒരു സെറ്റ് ആള്‍ക്കാര്‍ KSRTC എന്ക്വയറി കൌണ്ടറില്‍ പൂരപ്പാട്ട് പാടി നില്‍ക്കുന്നു. ഏതോ ഒരു ബാന്ഗ്ലൂര്‍ വണ്ടി കാന്‍സെല്‍ ചെയ്തു എന്ന് കേട്ടു. റീഫണ്ട് കൊടുക്കില്ലത്രേ. അടി നടക്കുമോ? 
ഒരു രാജഹംസ ദാ വരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകും മുന്‍പേ വണ്ടി കാണാനില്ല. കൂടുതല്‍ ക്രൂരമായ മുഖഭാവമുള്ള ഒരു ജനക്കൂട്ടം വണ്ടി വളഞ്ഞിരിക്കുന്നു. കണ്ടക്ടര്‍ പേടിച്ചു പുറത്തിറങ്ങാതെ ഇരിക്കുന്നു. ഡ്രൈവര്‍ വണ്ടി പാര്‍ക്കു ചെയ്തിട്ട് പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപെട്ടു. 

കാര്യങ്ങള്‍ കൈ വിട്ടു പോകുന്നതിന്റെ മനോഹരമായ ഒരു ഗന്ധം അടിച്ചു.  ആഹാ... യോഹാ...


അടുത്ത വണ്ടി വരുന്നതിനു മുന്‍പ് ചില തയാറെടുപ്പുകള്‍ നടത്തി. ഈ വഴി പോകാന്‍ പറഞ്ഞു തന്ന കാളതോമ്മനെയും എന്റെ ചേട്ടനെയും മനസ്സില്‍ തെറി വിളിച്ചു (അപ്പനു വിളിച്ചില്ല). ശാരീരികമായ തയാറെടുപ്പിന്റെ ഭാഗമായി ഒരു ബനാന റോസ്റ്റും (നമ്മുടെ പഴംപൊരി തന്നെ. കൊളോണിയന്‍ ഭാഷയില്‍ ബനാന റോസ്റ്റ്) ഒരു ചായയും കഴിച്ചു. ഒരു ബനാന റോസ്റ്റ് നു 15 രൂപ. "അവന്റെ അമ്മേടെ  വീടിന്റെ അടുത്ത് തന്നെയാ എന്റെയും വീട്. എന്നിട്ടാ അവന്‍ എന്നോടിങ്ങനെ പെരുമാറണെ" :(  

അകലെ ഒരു വെളുത്ത സത്വം പതുക്കെ കയറി വരുന്നു. എല്ലാ അവന്മാരും അതിനെ വളഞ്ഞു. പക്ഷെ അത് എറണാകുളം A/C ആയിരുന്നു. ചമ്മിയ മണം പരക്കുന്നു.


വീണ്ടും ദാ വരുന്നു നമ്മുടെ KSRTC. ബാന്ഗ്ലൂര്‍. 

ഒരു നിമിഷം! 


 പത്മവ്യൂഹം ഭേദിച്ച അഭിമന്യുവിനെ മനസ്സില്‍ ധ്യാനിച്ചു കൊണ്ടു മുന്നോട്ടു പാഞ്ഞു. രണ്ടു തടിയന്മാരെയും ഒരു കിളവനെയും ഇടിച്ചു സൈഡില്‍ ഇട്ട ശേഷം വണ്ടിയില്‍ ചാടിക്കയറി. കണ്ടക്ടര്‍ ചോദിച്ചു: "എങ്ങോട്ടാണാവോ?" 
"ഒന്നു ഭാര്യാ വീടു വരെ"  എന്ന് പറയാന്‍ തോന്നി. പറഞ്ഞില്ല. പക്ഷെ ഒന്നും പറയാതെ തന്നെ എല്ലാം മനസിലായി. സീറ്റ് നഹി! 


 സീന്‍ 3: കേരളം, തമിഴ്‌നാട്, കര്‍ണാടകയുടെ വിവിധ ഭാഗങ്ങള്‍
ഇനിയിപ്പോ ചുരുക്കി പറയാം. ബാന്ഗ്ലൂര്‍ മോഹം ഉപേക്ഷിച്ചു. ഒരു മണിക്കൂറിനു ശേഷം ഒരു പാലക്കാടു വണ്ടി വന്നു. പക്ഷെ നമുക്ക് ആവശ്യമുള്ള സാധനം അതിലും ഇല്ല. പാലക്കാടു വരെ നിന്ന്. അവിടെ മറ്റൊരു ജനക്കൂട്ടം. (ഇവനൊക്കെ വീട്ടില്‍ കിടന്നുറങ്ങിക്കൂടെ? ). കോവൈ വണ്ടി ഒന്നുമില്ല. അല്ല, രാത്രി ആയല്ലോ. വണ്ടികള്‍ കുറവായിരിക്കും. 45 മിനിറ്റ് കഴിഞ്ഞു വന്ന തെങ്കാശി വണ്ടിയില്‍ ചാടിക്കയറി. ചാടിയത് വെറുതെയായി. (പതിവ് പോലെ) സീറ്റ് ഇല്ല.  കോയമ്പത്തൂര്‍ എത്തി ആദ്യം കണ്ട സേലം വണ്ടിയില്‍ കയറി. സീറ്റ് ഉണ്ടോന്നു പോലും നോക്കീല. കാരണം അപ്പോഴേക്കും നമ്മുടെ OS kernel panic ആയി കംപീറ്റ് ഇരുട്ടായിരുന്നു. സീറ്റ് ഇല്ല കേട്ടോ :) ബട്ട്‌ ഒരു സീറ്റില്‍ ഇരുന്ന ഒരു മഹാത്മാവ് കണ്ടക്ടറുമായി ഉടക്കി ഇറങ്ങിപ്പോയി. ദീര്‍ഘായുസായിരിക്കട്ടെ. അങ്ങനെ സീറ്റ് കിട്ടി സേലത്ത് എത്തിയപ്പോള്‍ വീണ്ടും ജനം, ദി പീപ്പിള്‍. ഒരു ബംഗ്ലൂര്‍ എക്സ്പ്രസ്. കൃത്രിമമായി നിര്‍മിച്ച സീറ്റ് (എന്ന് വെച്ചാല്‍ ഒരു തടിപ്പെട്ടിയുടെ മണ്ടേല്‍ കുഷ്യന്‍ വെച്ചിരിക്കുന്നു. ചാരി ഇരിക്കുന്നത് വണ്ടിയുടെ ബോഡിയില്‍ ആണ്)  . ലാസ്റ്റ് നടുക്ക് :( അതില്‍ കുത്തിയിരുന്ന് നേരം വെളുപ്പിച്ചു. 


ബംഗ്ലൂര്‍ എത്തിയപ്പോള്‍ (ദോഷം പറയരുതല്ലോ. രാവിലെ 11 മണിക്ക് എത്തി. പാലയില്‍ നിന്ന് ഉച്ചക്ക് സുപ്രനില്‍ വന്നിരുന്നെങ്കില്‍ 5 മണിക്ക് എത്തിയേനെ) സര്‍വ നാഡീ ഞരമ്പുകളും വലിഞ്ഞു മുറുകുന്ന രസകരമായ അവസ്ഥ. 

  "അമ്മച്ചിയാണേ, ഇനി മുതല്‍ യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ഒരു നാറീടെം  ഉപദേശം സ്വീകരിക്കുന്നതല്ല :-@"