Monday, March 14, 2011

ത്രിശങ്കു സ്വര്‍ഗം അഥവാ ഒരു കൊടൈക്കനാല്‍ യാത്ര...


മാജിക് മഷ്രൂം!!!!


"മാജിക് മഷ്രൂം കഴിച്ചിട്ടുള്ളവനോട് അതിനെപ്പറ്റി പറയേണ്ട കാര്യമില്ല. കഴിച്ചിട്ടില്ലാത്തവനോട് പറഞ്ഞിട്ടും കാര്യമില്ല" എന്ന് എന്റെ പ്രിയ സുഹൃത്ത് മത്തായി പറഞ്ഞപ്പോഴാണ് ഈ സാധനം ഒന്നുപരീക്ഷിച്ചിട്ടു  തന്നെ കാര്യം എന്നു തീരുമാനിച്ചത്. 

സംഭവം നടക്കുന്നത് രണ്ടായിരത്തിപ്പതിനോന്നാം ആണ്ടിലാണ്. സാമാന്യം നല്ലൊരു ജോലിയുമായി ബാംഗ്ലൂരിലെ ബി. ടി. എം ലേയൌട്ടില്‍ മൂന്നു സഹ മുറിയന്മാരുമോത്തു സുഖമായി കഴിയുന്ന കാലം. സഹ മുറിയന്മാര്‍ എന്നു പറഞ്ഞാല്‍ ബലാല്‍, വിക്രംജി, ലൂയി (പേരുകള്‍ സാങ്കല്‍പ്പികം/വിളിപ്പേരുകള്‍  ആണു കേട്ടോ... എനിക്കു വൈകുന്നേരം റൂമില്‍ ചെന്ന് കേറേണ്ടതല്ലേ) എന്നിവര്‍. അങ്ങനെ ഇരിക്കുമ്പോഴാണ് എഞ്ചിനീയറിങ്ങിനു കൂടെ പഠിച്ച മത്തായി ജോലി തേടി എന്നും പറഞ്ഞു റൂമിലേക്ക് കെട്ടിയെടുക്കുന്നത്. 

മത്തായി എന്നു വെച്ചാല്‍ എന്തും ചെയ്യുന്നവന്‍ എന്നര്‍ത്ഥം. വീട് പാലക്കാടിനടുത്ത് മണ്ണാര്‍ക്കാട്. അവിടെ ഒരു അഞ്ഞൂറേക്കര്‍ കാടും രണ്ടു മലയും സ്വന്തമായി ഉണ്ടെന്നു പറഞ്ഞു കേട്ടിട്ടുണ്ട് (വേറാരു പറയാന്‍, കൂടെ പഠിച്ച ഞങ്ങളൊക്കെ തന്നെ). അപ്പന് ഭീഷണിയും നാട്ടുകാര്‍ക്കു ശല്യവുമായി മാറിയപ്പോള്‍ അപ്പന്‍ തന്നെ മുന്‍ കൈ എടുത്ത് പുള്ളിയെ എഞ്ചിനീയറിങ്ങിനു ചേര്‍ക്കുകയായിരുന്നു. എന്ജിനീയറിങ്ങ് കഴിഞ്ഞപ്പോള്‍ (അപ്പനെ ഞെട്ടിച്ചു കൊണ്ട് മത്തായി പാസായി) ഇനിയിപ്പോ ജോലി അന്വേഷിക്കണമല്ലോ എന്ന ഒറ്റ കാരണത്താല്‍ ടിയാന്‍ ചെന്നൈ എസ്. ആര്‍. എമ്മില്‍ (അതാകുമ്പോള്‍ ബാര്‍ അടക്കം എല്ലാ സാധനങ്ങളും ക്യാമ്പസില്‍ തന്നെ ഉണ്ട്) എം. ടെക്കിനു ചേര്‍ന്നു. അവിടെ വെച്ചാണ് പുള്ളി ചെന്നൈ ട്രെക്കിംഗ് ക്ലബ്ബില്‍ (സി. ടി. സി) മെമ്പര്‍ ആകുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഇരുപതിനായിരത്തോളം മെമ്പേഴ്സ് ഉള്ള സി. ടി. സിയിലെ കോര്‍ ട്രെക്കിംഗ് മെമ്പര്‍ ആയി ടിയാന്‍. പിന്നെ ലോകം കണ്ടത്  ട്രെക്കിംഗ് ജീവിത ലക്‌ഷ്യം ആക്കി മാറ്റിയ ഒരു പ് രാന്തനെ ആയിരുന്നു. എല്ലാ വീക്കെന്‍ഡിലും  തമിഴ്നാട്,  ആന്ധ്ര, കേരളം തുടങ്ങിയ സ്ഥലങ്ങളിലെ വനങ്ങള്‍ തേടി മത്തായി അലഞ്ഞു. ഒടുവില്‍ എം തെക്ക് (ചെന്നൈയുടെ തെക്കു ഭാഗത്താണത്രേ  കൂടുതല്‍ വനങ്ങള്‍) കഴിഞ്ഞപ്പോള്‍ ജോലി ചെയ്താലോ എന്ന ചിന്തയുമായി ഇങ്ങോര്‍ ഞങ്ങളുടെ റൂമില്‍ എത്തി. വന്ന ദിവസം തന്നെ എവിടെയോ പോയി ഒരു ടെന്റ്, ടോര്‍ച്ച്, ഷൂസ്, കത്തി തുടങ്ങിയ സാധനങ്ങള്‍ വാങ്ങിക്കൊണ്ടു വന്നു. വന്ന ആഴ്ച തന്നെ ട്രെക്കിംഗ് തുടങ്ങി. പിന്നെ ഇടയ്ക്കു സമയം കിട്ടുമ്പോള്‍ ജോലി അന്വേഷിക്കാനും തുടങ്ങി. 

അങ്ങനെ എപ്പോഴോ റൂമില്‍ ബിയര്‍ അടിച്ച് ഇരിക്കുമ്പോഴാണ് പുള്ളി മാജിക് മഷ്രൂമിനെപ്പറ്റി  പറയുന്നത്. സാധനം ഒരു സാധാരണ കൂണ്‍ ആണ്‌. ലോകത്ത് ഇതു കിട്ടുന്നത് തെക്കന്‍ അമേരിക്ക, സ്പെയിന്‍, ഇംഗ്ലണ്ട്, ഇന്ത്യ എന്നിവിടെ മാത്രം. ഇന്ത്യയില്‍ കൊടൈക്കനാലില്‍ ആണ്‌ കിട്ടുക. നമ്മള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. ഒരു ഡസനോളം ഉണങ്ങിയ കൂണുകള്‍ എടുത്ത് ചുമ്മാ (അല്ലെങ്കില്‍ തേനില്‍ മുക്കി) കഴിക്കുക. എന്നിട്ട് ശബ്ദം ഇല്ലാത്ത, പ്രശാന്ത സുന്ദരമായ ഒരു സ്ഥലത്ത് (കാടാണ് ബെസ്റ്റെസ്റ്റ് പ്ലേസ്) ഏകാന്തമായി ഇരുന്നു കഴിക്കുക. ഓരോ ആളുകള്‍ക്കും ഓരോ രീതിയില്‍ ആണ്‌ ഇത് ഏല്‍ക്കുക -  മരങ്ങള്‍ നടന്നു വരുന്നു, ചുറ്റുമുള്ള വസ്തുക്കളുടെ നിറം മാറുന്നു. ഇലകള്‍ സംസാരിക്കുന്നു, ചെടികള്‍ പരസ്പരം ക്രിക്കെറ്റ് കളിക്കുന്നു, മലകള്‍ നമ്മളെ കണ്ട് ഒളിഞ്ഞു നോക്കുന്നു എന്നിവയൊക്കെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇതിനെപ്പറ്റി കുറച്ച് അറിയാന്‍ താല്പര്യമുള്ളവര്‍ ഈ ലിങ്കുകള്‍ പരിശോധിക്കുക:

http://en.wikipedia.org/wiki/Psilocybin_mushroom
http://thegormanblog.blogspot.com/2007/11/magic-mushrooms-in-india.html

കൂടുതല്‍ അറിയാന്‍ താല്പര്യമുള്ളവര്‍ സാധനം കഴിച്ചു നോക്കുക :)

മഷ്രൂമിനെപ്പറ്റിയുള്ള മത്തായിയുടെ ഈ വിവരണം കേട്ടപ്പോള്‍ തന്നെ "വിടെടാ വണ്ടി കൊടൈക്കനാലിന്" എന്ന്‌ ആരോ അലറിയെങ്കിലും ആ യാത്ര നടന്നത് ആറു മാസങ്ങള്‍ക്കു ശേഷമാണ്.
അങ്ങനെ  രണ്ടായിരത്തിപ്പതിനൊന്ന്  ഫെബ്രുവരിയിലെ ഒരു വെള്ളിയാഴ്ച ഈ വിചിത്ര വസ്തുവിനെ തേടി പോകാന്‍ തീരുമാനിച്ചു. മുഹൂര്‍ത്തമായപ്പോള്‍ സ്ഥലത്തെ പ്രധാന തേപ്പു പെട്ടിയായ ബലാല്‍ എന്തോ മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞു തടി തപ്പി. ലൂയിയാണെങ്കില്‍, "ഭാവി അമ്മായിയപ്പന്‍ ഒടുവില്‍ സമ്മതിച്ചു, കെട്ടാന്‍ പോണ പെണ്ണ് ബാംഗ്ലൂര്‍ വരുന്നു, ഇത് തന്നെ ഭയങ്കര മാജിക്ക് ആയിപ്പോയി" എന്നും പറഞ്ഞു മുങ്ങി. ഒടുവില്‍ പോകാന്‍ ഞാനും മത്തായിയും വിക്രംജിയും മാത്രം. കുറെ പേര് ഉണ്ടെങ്കിലെ ട്രിപ്പ് നന്നാവൂ എന്ന് തോന്നിയെങ്കിലും ഇത്തവണ നടന്നില്ലെങ്കില്‍ പിന്നെ നടക്കില്ല എന്നു തോന്നിയതിനാല്‍ മൂന്നു പേരും കൂടെ പോകാന്‍ തീരുമാനിച്ചു. എന്നാല്‍ പോയേക്കാം എന്നു പറഞ്ഞു വിക്രംജി എണീറ്റതും കറന്റു പോയതും ഒന്നിച്ച്. "മൂഞ്ചുവോടെ?" എന്നാ വിക്രംജിയുടെ ചോദ്യത്തെ അവഗണിച്ച് ഞങ്ങള്‍ യാത്രക്ക് തയാറായി. 

രാത്രി പതിനൊന്നു മണിയോടെ വിക്രംജിയുടെ ഫോര്‍ഡ് ഫിയെസ്റ്റ പെട്രോളില്‍ (മൈലേജ് പന്ത്രണ്ട് - അഹങ്കാരം നോക്കണേ) പുറപ്പെട്ടു. ഹോസൂര്‍ കഴിഞ്ഞു. വണ്ടി 140-150 സ്പീഡില്‍ പറക്കുന്നു. കൃഷ്ണഗിരി കഴിഞ്ഞ് ഒരു പതിനഞ്ചു കിലോമീറ്റര്‍ കഴിഞ്ഞപ്പോഴാണ് വിക്രംജിയുടെ "മൂഞ്ചുവോടെ?" ഡയലോഗ് ഫലത്തില്‍ പ്രവര്‍ത്തിച്ചത്. ഏതോ ഒരു വണ്ടി സൈഡില്‍ കേടായി കിടക്കുകയും കേടായി എന്നു കാണിക്കാന്‍ വഴിസൈഡില്‍ വെച്ചിരുന്ന കൂറ്റന്‍ പാറക്കല്ലുകളിലേക്ക് ഞങ്ങള്‍ ഡൈവ് ചെയ്തു കയറുകയും ചെയ്തു. മഷ്രൂം കഴിക്കാതെ തന്നെ മൂന്നും എയറില്‍ പറന്നു. വല്യ വണ്ടി ആയിരുന്നതു കൊണ്ടാവണം, മറിഞ്ഞില്ല. വിക്രംജി എന്തൊക്കെയോ മാജിക് കാണിച്ചു വണ്ടി നിര്‍ത്തി. നോക്കിയപ്പോള്‍ ഫ്രെണ്ടിലെ ടയര്‍ നാമാവശേഷമായിരിക്കുന്നു. കുറെ അധികം ഇടത്തു പൊട്ടിയിട്ടുണ്ട്. "ഇത്രേം വല്യ ചാട്ടം ചാടീട്ട്‌ ടയറു മാത്രേ പോയൊള്ളൂ?" എന്നു ചോദിക്കണം എന്നുണ്ടായിരുന്നു. വിക്രത്തിന്‍റെമുഖം കണ്ടപ്പോള്‍ പിന്നെ വേണ്ടെന്നു വച്ചു. ടയര്‍ മാറ്റി വണ്ടി മുന്നോട്ടെടുത്തപ്പോള്‍ എവിടെയോ എന്തോ തകരാറു പോലെ. സ്ടിയറിംഗ് നേരെ പിടിച്ചിട്ടും വണ്ടി ദാണ്ടേ ഇടത്തോട്ടു പോണു. വീണ്ടും ഇറങ്ങി നോക്കി. ഇടതു വശത്തെ  ടയര്‍ ആകെ ഇളകി പറിഞ്ഞ് ഇരിക്കുന്നു. ആക്സില്‍ ഒടിഞ്ഞോ കര്‍ത്താവേ? 

സമയം രാത്രി 2 മണി. എവിടെയൊക്കെയോ തപ്പിപ്പിടിച്ചു ഫോര്‍ഡ് റോഡ്‌ സര്‍വീസിനെ വിളിച്ചു. അവന്മാര്‍ക്ക് ഇവിടെ സര്‍വീസ് ഇല്ല പോലും. അവന്മാര്‍ കുറെ ക്രെയിന്‍ സര്‍വീസിന്റെ നമ്പര്‍ തന്നു. ക്രെയിന്‍ ബങ്ങലൂരില്‍ നിന്ന് വരണം പോലും. ഒടുക്കത്ത തണുപ്പും മഞ്ഞും. വിന്‍ഡോ ഒക്കെ പൊക്കി വണ്ടിയില്‍ തന്നെ ഇരുന്നു. മത്തായി പുറകില്‍ കിടന്നു കൂര്‍ക്കം വലിച്ച് ഉറങ്ങുന്നു. "വിക്രം പുള്ളിയെ ഒന്നു ക്രൂരമായി നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല (യെന്തു പറയാന്‍?). ഒടുവില്‍ ബങ്ങലൂരില്‍ നിന്ന് ക്രെയ്ന്‍ വന്നു, രാവിലെ 5 മണിക്ക്. ഫിയസ്റ്റക്കുട്ടിയെ ആഘോഷപൂര്‍വ്വം ഗരുഡന്‍ തൂക്കം തൂക്കി കൊണ്ടു പോയി. വിക്രം 80 ഡിഗ്രി ആന്ഗിളില്‍ ഫിയസ്റ്റക്കകത്ത്. ഞാനും മത്തനും ക്രെയിന്കാരന്റെ കൂടെ. കൊടൈക്കനാലിനു പോയവര്‍ രാവിലെ 8 മണിയോടെ തിരിച്ചു ബാംഗ്ലൂരില്‍ എത്തി. വിക്രം നേരെ വണ്ടിയുമായി ഫോര്‍ഡ് സര്‍വീസില്‍ പോയി. എസ്റ്റിമെറ്റഡ് ബില്‍ രൂഭാ മുപ്പതിനായിരം. ടയറും കൂടെ ചേര്‍ത്തു മുപ്പത്തിനാലായിരം. ഒരുത്തന്‍റെ അസുഖം അതോടെ കുറച്ചു കുറഞ്ഞു.

ഉച്ച വരെ കിടന്നുറങ്ങി. രാത്രി ഗരുഡന്‍ തൂക്കത്തിനു  പോയിരുന്ന കാരണം ഉറങ്ങാന്‍ പറ്റിയില്ലല്ലോ. ഉച്ചയായപ്പോള്‍ വെയില്‍ ഉച്ചിക്ക് അടിച്ചത് കൊണ്ടാണെന്നു തോന്നുന്നു വീണ്ടും ചില ചിന്തകള്‍.

"എന്താ മത്തായീ ഒരു വഴി?"
"വഴിയുണ്ടളിയാ. ഇങ്ങനെ അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകാന്‍ വേണ്ടിയല്ലേ സര്‍ക്കാര് ബസ് സര്‍വീസ് തുടങ്ങിയെക്കുന്നെ. ബസില്‍ പോകാം" 

"ശനിയാഴ്ച രാത്രി ബസ് കയറി പത്തഞ്ഞൂറു കിലോമീറ്ററു സഞ്ചരിച്ച് അവിടെത്തി അന്നു രാത്രി തന്നെ തിരിച്ചു വരുന്നത് അഹങ്കാരമാകുമോ മത്തായീ? 
"യേയ്,ഒരിക്കലുമില്ല" 

"എന്നാ പോയേക്കാം. വിക്രത്തെ വിളിക്കണോ? " 
"അങ്ങേര് ഇപ്പൊ തന്നെ മുപ്പതിനായിരം രൂപ മഷ്രൂമിനു വേണ്ടി ചെലവാക്കിയല്ലോ. ഇനിയിപ്പോ നമ്മുക്ക് സാധനം വാങ്ങി കൊണ്ടു വന്നു 
കൊടുക്കാം" 

അങ്ങനെ ടിക്കെറ്റ് ബുക്ക് ചെയ്തു. അങ്ങോട്ട്‌ കര്‍ണാടക വോള്‍വോ ശനിയാഴ്ച രാത്രി പത്തരക്ക്. രാവിലെ കൊടൈ എത്തുന്നു. സാധനം കഴിക്കുന്നു. മരം നടക്കുന്നതു കാണുന്നു.  തിരിച്ചു കര്‍ണാടക രാജഹംസ ഞായറാഴ്ച വൈകുന്നേരം ആറു മണിക്ക്. അങ്ങനെ പുറപ്പെട്ടു. ഫിയസ്റ്റ പറന്ന സ്ഥലം കഴിയുന്നതു വരെ ഞാനും മത്തായിയും ഉറങ്ങിയില്ല!

വോള്‍വോ ഡ്രൈവിന്റെ കാല് ആക്സിലറേറ്ററിന്‍റെ ഇടയില്‍ കുടുങ്ങിപ്പോയി എന്നു തോന്നുന്നു. എട്ടു മണിക്കൂര്‍ കൊണ്ടു കൊടൈ എത്തി. രാവിലെ കുളിയും ബ്രേക്ക് ഫാസ്റ്റും ഒക്കെ കഴിഞ്ഞ് (ഇത്രയും നല്ല ദോശ-ഇഡലി-സാമ്പാര്‍-ചട്ണി കോമ്പിനേഷന്‍ അടുത്തിടെ കഴിച്ചിട്ടില്ല. നന്നായി തട്ടി. ഉച്ചക്ക് ഒന്നും കഴിക്കാന്‍ പറ്റിയെന്നു വരില്ല) മഷ്രൂമിന്റെ നാടായ ചിന്നവന്നൂര്‍ (പേര് സാങ്കല്‍പ്പികം) എന്നാ സ്ഥലത്തേക്ക് പുറപ്പെട്ടു. അവിടെ ആണ്ടിച്ചാമി എന്നൊരു കിളവനാണ് ഏജന്റ്. കിളവന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാവണേ എന്നു മത്തായി ഇടയ്ക്കു പ്രാര്‍ഥിക്കുന്നുണ്ട്. കൊടൈയില്‍ നിന്നും കാട്ടിലൂടെ 30 കിലോമീറ്റര്‍ സഞ്ചരിക്കണം ചിന്നവന്നൂര്‍ എത്താന്‍. വഴി എന്ന് തോന്നിക്കുന്ന എന്തോ ഒരു പ്രതലത്തിലൂടെ ബസ് നീങ്ങിക്കൊണ്ടിരിക്കുന്നു. ഇടയ്ക്കിടെ കൊടും വളവുകള്‍. രണ്ടു മണിക്കൂര്‍ നേരത്തെ യാത്രക്കു ശേഷം സ്ഥലത്തെത്തി. ഒരു പട്ടിക്കാട്. ആണ്ടിച്ചാമിയെ തപ്പിയെടുത്തു. മത്തായിയെ കണ്ടപ്പോ പുള്ളിക്കു ഭയങ്കര സന്തോഷം. പഴയ കസ്റ്റമര്‍ ആണല്ലോ. പുള്ളി ചാടി വന്നു ഷേക്ക്‌ ഹാന്‍ഡ്‌ തന്നപ്പോഴേ മത്തായി ഒന്നു വിരണ്ടു. "കെളവന്‍ പണിയാക്കുവോടെ? പോലീസെങ്ങാനും...?" "ഏയ്‌, ഈ വനത്തിനു നടുക്കു പോലീസ് വരാന്‍ വഴിയില്ല". ഞങ്ങളെ ചാമി തൊട്ടടുത്തുള്ള പുള്ളീടെ വീട്ടിലോട്ടു കൊണ്ടു പോയി. ഞങ്ങളെ ഇരുത്തിയ ശേഷം പുള്ളി ഒരു പൊടിയുമായിട്ടു വന്നു.  മഷ്രൂം പൊടിച്ചതാണത്രെ. അതു കണ്ടപ്പോള്‍ ഞങ്ങള്‍ക്കൊരു പേടി. മഷ്രൂം പൊടിച്ചതിന്റെ കൂടെ ചാമീടെ വക വല്ല ചടയന്‍ കഞ്ചാവും ഉണ്ടെങ്കില്‍ പണി പാളും. ഫുള്‍ ബോധം ഉള്ളപ്പോള്‍ തന്നെ ഇവിടുന്നു തിരിച്ചു കൊടൈ എത്തല്‍ പണിയാണ്.  രണ്ടു പേരും പൂസായാല്‍ പിന്നെ ഇവിടെ സെറ്റാകേണ്ടി വരും. ഏതായാലും പൊടി വേണ്ട, മഷ്രൂം മതി എന്ന് ഒരു വിധത്തില്‍ ചാമിയെ പറഞ്ഞു മനസിലാക്കി. നമ്മളെക്കൊണ്ടു പൊടി തീറ്റിക്കാന്‍ പുള്ളിക്കു ഭയങ്കര ഉത്സാഹം. എന്താണാവോ? 

മത്തായി പണ്ട് ട്രെക്കിങ്ങിനു വന്ന സ്ഥലമാണ്‌. അവിടെ ഒരു കിടിലന്‍ ലേയ്ക്ക്‌  ഉണ്ട്, അതു കാണാം എന്നു മത്തായി.. ചാമിയോടു മഷ്രൂമുമായി ലേക്കിലേക്ക് വരാന്‍ പറഞ്ഞു. ചാമി അപ്പൊ തന്നെ 1000 രൂപാ വാങ്ങി കൂണു തപ്പി പോയി. ഞാനും മത്തനും ലേക്കിലേക്ക് നടന്നു. ഒരു ചെറിയ മല കയറി ഇറങ്ങി ലേയ്ക്കിലെത്തി. ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അതിതാണ്... അതിതാണ് എന്നു പണ്ട് ഏതോ ഒരുത്തന്‍ പറഞ്ഞത് ഈ സ്ഥലം കണ്ടിട്ടായിരിക്കും (ചില ഫോട്ടോസ് താഴെ കൊടുക്കുന്നു). കൊടൈക്കനാലില്‍ വരുന്ന ആരും സമീപത്തുള്ള ഇങ്ങനെയുള്ള സ്ഥലങ്ങള്‍ കാണാന്‍ പോകാറില്ലെന്നു തോന്നുന്നു. ശരിക്കും കൊടൈക്കനാലില്‍ സാധാരണ കാണുന്ന കാഴച്ചകളെക്കാള്‍ ഭംഗിയുണ്ട് സമീപത്തുള്ള ഇങ്ങനെയുള്ള സ്ഥലങ്ങള്‍ക്ക്. ഇവിടുന്ന്‍ ട്രെക്ക് ചെയ്ത് മൂന്നാറില്‍ പോയി കയറാം എന്നു മത്തായി ഇടയ്ക്കു പറയുന്നുണ്ട്. അങ്ങനെ ഞങ്ങള്‍ മനോഹരമായ ആ ലെയ്ക്കിന്റെ സൈഡിലുള്ള ഒരു മൊട്ടക്കുന്നിന്റെ മുകളിലെത്തി. മത്തായി അപ്പോള്‍ തന്നെ അവിടെ ടെന്റ് അടിച്ചു (കോര്‍ ട്രെക്കര്‍). "മഷ്രൂം അടിച്ചിട്ട് ഈ സാധനം ഒക്കെ കെട്ടിപ്പെറുക്കി പോകാന്‍ പാടല്ലേ മത്തായീ?" -  ഞാന്‍.  "ഏയ്‌, ഇത് അഴിക്കാന്‍ 5 മിനിട്ട് മതിയെടെ" -  മത്തായി. അങ്ങനെ ടെന്റും കെട്ടി കൊടൈയില്‍ നിന്നും വാങ്ങിയ ബിസ്കറ്റും തിന്ന് ഞങ്ങള്‍ ചാമിയെ (എന്നു വച്ചാല്‍ മഷ്രൂമിനെ) കാത്തിരിപ്പായി. സമയം 12 മണി. സമയം വൈകുന്തോറും ടെന്‍ഷന്‍ കൂടി വരുന്നു. മൂന്നു മണിക്ക് ഇവിടുന്നു കൊടൈക്കനാലിനു ബസുണ്ട്. അതെങ്കിലും കിട്ടിയാലേ ഞങ്ങള്‍ക്ക് ആറു മണിക്കുള്ള ബംഗ്ലൂര്‍ വണ്ടി കിട്ടൂ. അതു മിസ്‌ ആയാല്‍ പിന്നെ പല വണ്ടിയൊക്കെ മാറിക്കയറി പത്മവ്യൂഹം കളിച്ചു പോകേണ്ടി വരും. ഇവിടെത്തന്നെ സെറ്റായാലോ എന്നു മത്തായി. പുള്ളിക്കു കുഴപ്പമില്ല, ബംഗ്ലൂരില്‍ ചെയ്യുന്നതു തന്നെയാണല്ലോ ഇവിടേം ചെയ്തോണ്ടിരിക്കുന്നത്. നമ്മുടെ കാര്യം അങ്ങനെയല്ല, തിങ്കളാഴ്ച ആപ്പീസില്‍ എത്തി മല മറിക്കാനുള്ളതാ. 

സമയം പന്ത്രണ്ടര. എവിടെ കൂണു തപ്പിപോയ ആ മ***? അല്ലെങ്കി വേണ്ട, നമുക്കു വേണ്ടി നല്ല കൂണു തെരഞ്ഞു പിടിച്ച് എടുക്കുവാരിക്കും പാവം ആണ്ടിചാമി അണ്ണന്‍. എന്ജിനീയറിങ്ങ് പരീക്ഷേടെ റിസള്‍ട്ടിനു പോലും ഇതു പോലെ വെയിറ്റ് ചെയ്തു കുത്തിയിരുന്നിട്ടില്ല. ഒടുവില്‍ ഒരു മണിയോടെ ആണ്ടി പ്രത്യക്ഷപ്പെട്ടു. ആണ്ടി നല്ല കിണ്ടി. പട്ടച്ചാരായം ആണെന്നു തോന്നുന്നു. വല്യ ബോധം ഒന്നുമില്ല. പുള്ളി മഷ്രൂമിനെപറ്റി ഒരു ചെറിയ കഥാപ്രസംഗം അങ്ങു നടത്തി. ബാംഗ്ലൂരില്‍ വന്‍ തോതില്‍ മഷ്രൂം കച്ചവടം തുടങ്ങുന്നതിന്റെ വിജയ സാധ്യതകളെപ്പറ്റി മത്തായിയും ആണ്ടിചാമിയും ചര്‍ച്ച ചെയ്തു.  നമുക്കാണെങ്കില്‍ സമയമില്ല. ഈ പണ്ടാരം അടിച്ചാല്‍ ഒരു നാലു മണിക്കൂറെങ്കിലും ഇരുന്നെങ്കിലെ കമ്പ്ലീറ്റ് കാര്യങ്ങള്‍ മനസിലാക്കാന്‍ പറ്റൂ. ഒടുവില്‍ കൂടുതല്‍ കൂണു വേണം എന്നും പറഞ്ഞു ചാമിയെ ഒരു വിധം പറഞ്ഞു വിട്ടു. "മൂന്നു  മണീടെ വണ്ടിക്ക് നിങ്ങളെ കയറ്റി വിടാന്‍ ഞാന്‍ എത്തും, കൂണുമായി" എന്ന ഡയലോഗാണ് ബോധത്തോടെ  (ഞാന്‍) അവസാനമായി കേട്ടത്. 

സ്പീഡില്‍ മഷ്രൂം കഴിപ്പു തുടങ്ങി. കൊടൈക്കനാലില്‍ നിന്നും വാങ്ങിയ തേനില്‍ മുക്കിയാണ് കഴിപ്പ്‌. മത്തായി ഒരു പത്തു പന്ത്രണ്ടെണ്ണം അടിച്ച ശേഷം ഒരു മരത്തിന്റെ അടിയില്‍ പോയി നങ്കൂരമിട്ടു. ഞാന്‍ ഒരു എട്ടെണ്ണം കഴിച്ചു ഒരു മരത്തിന്റെ അടിയില്‍ സെറ്റായി. ബാക്കി മഷ്രൂം ഒരു മരത്തിന്‍റെ താഴെ ഒളിച്ചു വെച്ചു. അര മണിക്കൂര്‍ എങ്കിലും എടുക്കും ഇതിന്റെ എഫെക്റ്റ് തുടങ്ങാന്‍. പത്തു മിനിട്ട് കഴിഞ്ഞപ്പോഴേക്കും മത്തായി പറഞ്ഞു: "അളിയാ, ഞാന്‍ തേഞ്ഞു". ഞാന്‍ നോക്കിയപ്പോള്‍ മത്തായി വിദൂരതയിലേക്ക് നോക്കി ഇരിക്കുന്നു. ഇടയ്ക്കു മുകളിലേക്കും വശങ്ങളിലേക്കും നോക്കുന്നുണ്ട്. "അളിയാ, ദാ വരുന്നു മരങ്ങള്‍" -  മത്തായി.  "എനിക്കൊന്നും തോന്നുന്നില്ലല്ലോ" - ഞാന്‍. മത്തായി മിണ്ടുന്നില്ല. പണ്ടാരമടങ്ങാന്‍. ഒരു പുല്ലും സംഭവിക്കുന്നില്ല. അഞ്ചു മിനിറ്റു കൂടി നോക്കാം. യെവടെ. കുറച്ചു മഷ്രൂം കൂടെ കഴിക്കണമായിരിക്കും. വീണ്ടും പൊതിയഴിച്ചു. നല്ല വലിപ്പമുള്ള ഒരു മൂന്നെണ്ണം കൂടെ കഴിച്ചു. വീണ്ടും ഇരുന്നു....  ങ്ങും..... പതുക്കെ തുടങ്ങി.... ചുറ്റുമുള്ള സാധനങ്ങളുടെയൊക്കെ നിറം മാറിത്തുടങ്ങി. തടാകം നീലയാകുന്നു, പച്ചയാകുന്നു, മഞ്ഞയാകുന്നു. ചുറ്റുമുള്ള വനങ്ങള്‍ പച്ചയാകുന്നു, നീലയാകുന്നു,  ചുവപ്പാകുന്നു. ഇതു വരെ അനുഭവിക്കാത്ത എന്തോ ഒന്ന്‌. വരി വരിയായി നില്‍ക്കുന്ന കുറെ മരങ്ങള്‍  ദാ തെക്കോട്ടു പോകുന്നു. 

അത്രയും ആയപ്പോഴേക്കും ഞാന്‍ മത്തായിയെ നോക്കി. പര പൂസ് ആണെന്നു കണ്ടാലറിയാം. ഞാന്‍ മൊബൈല്‍ എടുത്തു രണ്ടു മണിക്ക് അലാം സെറ്റ് ചെയ്തു. ഇല്ലെങ്കില്‍ തിരിച്ചു പോകല്‍ നടക്കില്ല. ഇതു കഴിച്ചു കഴിഞ്ഞാല്‍ ഫീലിങ്ങ്സ്‌ ഒക്കെ ഭയങ്കര സ്ട്രോങ്ങ്‌ ആകും എന്നു കേട്ടിട്ടുണ്ട്. അതായത്, പേടി വന്നാല്‍ പിന്നെ ഫുള്‍ പേടി, ചിരി വന്നാല്‍ ഫുള്‍ ചിരി, എന്തെങ്കിലും ചെയ്യണം എന്നു തോന്നിയാല്‍ അതു ചെയ്തെ അടങ്ങൂ. അങ്ങനെ പാതി ബോധത്തില്‍ ഇരിക്കുമ്പോഴാണ് പുറകില്‍ ദാണ്ടേ ഒരുത്തന്‍. നമ്മടെ രാം ഗോപാല്‍ വര്‍മേടെ പ്രേത പടത്തില്‍ കാണുന്ന അതേ മോന്തേം ഒക്കെ ആയിട്ട്. പുള്ളി വന്നു ഞങ്ങടെ പുറകില്‍ കുറ്റിയടിച്ച പോലെ ഒരു നില്‍പ്പ്. അനങ്ങുന്നില്ല. മത്തായി ആകെ ടെന്‍ഷനായി. വെറുതെ നിന്ന അങ്ങേരോട്  "അണ്ണാ, നീ പോങ്കെ, നാങ്ക കൊഞ്ച നേരം തനിയാ ഉക്കാരണം" എന്നു മത്തായി. "നാന്‍ എതുക്ക്‌ പോണം? നാന്‍ മാട് പാക്കര ആള്‍. മാട് കീഴെ നിന്തിട്ടിരുക്ക്" എന്നു അയാള്‍. ഞാന്‍ മത്തായിയോടു മിണ്ടാതിരിക്കാന്‍ പറഞ്ഞിട്ടും പുള്ളി കേള്‍ക്കുന്നില്ല. ഇടി വാങ്ങിക്കുമോ? "നാങ്ക ആണ്ടി ചാമ്യുടെ ആളുങ്കള്‍" എന്നു മത്തായി. "അതുക്കു നാന്‍ എന്ന പണ്ണണം" എന്നു മാട്. മത്തായി പതുക്കെ എണീറ്റു. എന്തോ പ്രശ്നം ഉണ്ടെന്ന് എനിക്കും തോന്നി. മത്തായി പറഞ്ഞു " അളിയാ, നമുക്കു വേഗം ഇവിടുന്നു പോണം. അവന്‍ പോലീസില്‍ പറയാന്‍ പോവാ" "ങേ, ഏതു പോലീസ്? മത്തായീ, എന്താ പ്രശ്നം?" -  ഞാന്‍. "നീ സംസാരിക്കണ്ട, നീയും ഫിറ്റാ" - മത്തായി. "ഡേയ്, എനിക്ക് നല്ല ബോധം ഉണ്ട്" എന്നു ഞാന്‍. ഞാന്‍ നോക്കിയപ്പോള്‍ മത്തായി ദാണ്ടേ കൂടാരം ഒക്കെ വലിച്ചിളക്കുന്നു. എനിക്ക് സംഭവം മനസിലായി. മത്തായി  അയാളെ കണ്ട് എങ്ങനെയോ പേടിച്ചു. അയാള്‍ പോലീസിന്റെ ചാരനാണെന്നും പോലീസ് ഉടന്‍ സ്പോട്ടിലെത്തും എന്നുമാണ് തോന്നല്‍. വാച്ചില്‍ നോക്കിയപ്പോള്‍ സമയം രണ്ടു മണി. ഇത്രയും പേടിച്ച സ്ഥിതിക്ക് ഇനി ഇവിടെ നില്‍ക്കുന്നതു പന്തിയല്ല. പോയേക്കാം. മത്തായി കൂടാരം അഴിക്കുന്തോറും കൂടാരം വലുതായി വരുന്നു. മത്തായി നോക്കുമ്പോള്‍ കാണുന്നത് കൂടാരം വളരെ വലുതും അതും കൊണ്ടു വന്ന ബാഗ് വളരെ ചെറുതും. "അളിയാ ഇതെങ്ങനെ ഇതില്‍ കയറ്റും? ദാണ്ടേ ഇതു വലുതായി വരുന്നു!" "കോപ്പ്. തള്ളി കേറ്റെടെ" ഒരു വിധത്തില്‍ എങ്ങനെയോ സാധനം ബാഗില്‍ കയറ്റി. മത്തായി സമ്മതിച്ചില്ലെങ്കിലും (പോലീസ് ഉടനെ എത്തുമല്ലോ) ബാക്കി ഉണ്ടായിരുന്ന മഷ്രൂം ഞാന്‍ എന്‍റെ ബാഗില്‍ ഇട്ടു. ഇനി തിരിച്ചു വന്ന വഴി മല കയറിയിറങ്ങി ടൌണില്‍ എത്തണം. നടപ്പു തുടങ്ങി. മത്തായി ചോദിച്ചു: "അളിയാ, നമ്മള്‍ രണ്ടും പൂസാ. എത്തുമോ?"  എന്തോ, എനിക്ക് അപ്പോള്‍ ഒടുക്കത്തെ ധൈര്യവും കോണ്ഫിഡന്‍സും (ജീവിതത്തില്‍ ആദ്യായിട്ടാ). ഞാന്‍ പറഞ്ഞു "ഡേയ്, ഇപ്പോള്‍ എന്താ പ്രശ്നം? നമ്മള്‍ മലയിറങ്ങുന്നു, ടൌണില്‍ എത്തുന്നു, മൂന്നു മണീടെ ബസ് പിടിക്കുന്നു, കൊടൈ എത്തുന്നു, തിരിച്ചു പോകുന്നു. നോ പ്രോബ്ലം. നീ ധൈര്യമായിട്ട് ഇരിക്ക്" "അളിയാ, എനിക്ക് ഒരു ബോധവും ഇല്ല, നീ എങ്ങനെയെങ്കിലും ഹാന്‍ഡില്‍ ചെയ്യണേ" - മത്തായി. "ഡോണ്ട് വറി" എന്നു ഞാന്‍.

മൊത്തത്തില്‍ നല്ല പൂസു പോലെ തോന്നുന്നുണ്ടെങ്കിലും എനിക്ക് അപ്പോഴും തിരിച്ചു പോകാന്‍ പറ്റും എന്നു നല്ല കോണ്ഫിഡന്‍സ്. അങ്ങനെ മലയുടെ ഒരു ഭാഗത്ത് വന്നപ്പോള്‍... മുന്നോട്ടു വഴി കാണുന്നില്ല. ങേ, ഈ വഴി തന്നെയല്ലേ വന്നത്? മുന്നില്‍ ദാ ഒരു മുള്ളു വേലിയൊക്കെ. ഇതെവിടുന്നു വന്നു? ആ സമയം ചുമ്മാ ഒന്നു പുറകോട്ടു നോക്കിയ മത്തായി കണ്ട കാഴ്ച! മലയും കുന്നും മരങ്ങളും ലേയ്ക്കും ഒക്കെ ദാണ്ടേ പാഞ്ഞു വരുന്നു! "കര്‍ത്താവേ!" മത്തായി ഫോണെടുത്തു ചറ പറാ വിളി തുടങ്ങി. ചെന്നൈ, പൂനെ, ബംഗ്ലൂര്‍ തുടങ്ങി എല്ലായിടത്തും ഉള്ള കൂട്ടുകാരെയൊക്കെ വിളിച്ച് "എന്നെ രക്ഷിക്കെടാ, ഞാന്‍ മലകള്‍ക്കിടയില്‍ കുടുങ്ങിയെടാ" എന്നും പറഞ്ഞു മാരക നിലവിളി. ഞാനാണെങ്കില്‍ വഴി തപ്പി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. ഒടുവില്‍ ഒരു ദൈവ ദൂതനെപ്പോലെ അതാ ഒരാള്‍ പ്രത്യക്ഷപ്പെടുന്നു. ആണ്ടിചാമി!!! ഹാവൂ, ദൈവം രക്ഷിച്ചു. "നീങ്ക അങ്കെ എന്ന പന്ട്രീങ്കേ? ഏറി വാങ്കെ. എപ്പടി ഇരുക്ക്‌ സരക്ക്?" മത്തായി ഓടി ചാമീടെ അടുത്തെത്തി "അണ്ണാ, രക്ഷിക്കണം . ഓവറാ അടിച്ചിട്ടേ. ഇന്ത കിക്ക് എപ്പടിയാവത് ഇറക്കിടുങ്കേ . എതാവത് പണ്ണുങ്കെ. ഇനി മഷ്രൂമും വേണ്ട, ഒരു കോപ്പും വേണ്ട. എന്നെ രക്ഷിക്കോ" എന്നൊക്കെ പറഞ്ഞ് ഒരേ റോള്. ഞാന്‍ ചാമിയോടു ചോദിച്ചു: "അണ്ണാ, വല്ലതും നടക്കുമോ? അതോ ഈ സാധനത്തിനെ ഞാന്‍ ഇവിടെ വെച്ചിട്ടു പോണോ?"  "വാങ്കെ വീട്ടുക്ക് പോകലാം. ഇന്ത കിക്ക് ഇറക്കരുതുക്ക് ഒരു മരുന്നിരുക്ക്. അത് ഇന്ത ഉലകത്തിലെ എനക്കു മട്ടും താന്‍ തെരിയും"  നല്ല അസ്സല്‍ മൂലവെട്ടി തോറ്റു പോകുന്ന എന്തോ ഒരു സാധനം ചാമ്പീട്ടാണ് ആണ്ടി വന്നിരിക്കുന്നത്. ഇങ്ങേരുടെ കൂടെ പോണോ, അതോ എങ്ങനെയെങ്കിലും രക്ഷപെടണോ? എങ്ങോട്ട് , എങ്ങനെ രക്ഷപെടാന്‍? കൂടെ പോകുക തന്നെ. അങ്ങനെ ഒരു പത്തു കിലോമീറ്റര്‍ നടന്ന് (ഇങ്ങോട്ട് വന്നപ്പോള്‍ നൂറു മീറ്ററേ ഉണ്ടാരുന്നുള്ളൂ) വീണ്ടും ചാമീടെ വീട്ടിലെത്തി .


ചാമി അകത്തോട്ടു പോയി ഒരു ഗ്ലാസില്‍ നാരങ്ങ പിഴിഞ്ഞോണ്ടു വന്നു. എന്നിട്ട് എന്തോ ഒരു പൊടി അതില്‍ കലക്കി. എന്നിട്ടു മത്തായിക്കു കൊടുത്തിട്ട് ഒറ്റ വലിക്കു കുടിച്ചോളാന്‍ പറഞ്ഞു. മത്തായി ഒന്നു മടിച്ചെങ്കിലും ഒറ്റ വലിക്കു സാധനം കഴിച്ചു. കണ്ണും തള്ളി നിന്ന മത്തായീടെ മോന്തേലോട്ടു കുറെ ഭസ്മം കൂടെ ചാര്‍ത്തിക്കൊടുത്തു ആണ്ടിച്ചാമി. “പടയപ്പ!” മത്തായി ഒറ്റച്ചാട്ടത്തിനു പുറത്തെത്തി. “അളിയാ, ഞാന്‍ ശിവനേം പാര്‍വതിയേം സുബ്രഹ്മണ്യനേം കണ്ടു”. “ങേ!” (കെളവന്‍ ഇട്ടു കലക്കിയ പൊടി എന്തു സാധനമാണെന്നു ഇപ്പോഴും അറിയില്ല. ഏതായാലും മത്തായി ശിവനെ ഫാമിലിയോടെ കണ്ട സ്ഥിതിക്ക് ആദ്യം ഞങ്ങളെ ആദ്യം കാണിച്ച പൊടിയാകാനാ വഴി. കള്ളച്ചാമീ!!
ചാമീടെ വീട്ടീന്നു ചാടി ഞങള്‍ ടൌണില്‍ എത്തി. ഇതെന്താ എല്ലാവരും ഞങ്ങളെത്തന്നെ നോക്കുന്നത്? തോന്നലാവും അല്ലെ? ഇനി ഇവിടുന്നു രക്ഷപെടണമല്ലോ... മത്തായി അവിടെ ഒരു കടയില്‍ കയറി എന്തൊക്കെയോ ചോദിക്കുന്നു. കടക്കാരന്‍ മരണച്ചിരി. പുള്ളിക്കു സംഭവം മനസിലായെന്നു തോന്നുന്നു. ഇങ്ങനെ പോയാല്‍ പ്രശ്നമാണല്ലോ. പരിചയമില്ലാത്ത സ്ഥലം. രണ്ടും പൂസാണെന്നറിഞ്ഞാല്‍ ആര്‍ക്കും എന്തു വേണേലും ചെയ്യാം. കടക്കാരന്റെ ചിരി കണ്ടു വിരണ്ട മത്തായി (ലവനും പോലീസ്‌ ചാരന്‍ ആയിരിക്കും) അവിടെ ക്ഷീണിച്ചു കുത്തിയിരുന്നു. ഞാന്‍ അവിടെ ഇരുന്നിരുന്ന ഒരു താടിക്കാരനോടു ബസിന്‍റെ സമയം ചോദിച്ചു. അങ്ങേര് അനന്തതയിലേക്കു നോക്കി മിണ്ടാതെ ഇരിക്കുന്നു. ങ്ങും... സാധനം മറ്റവന്‍ തന്നെ.  ഞാന്‍ അടുത്തു കണ്ട കടയില്‍ കയറി ബസിന്‍റെ സമയം അന്വേഷിച്ചു. “അടുത്ത ബസ്‌ സായന്തരം അഞ്ചു മണിക്ക്” “ഓക്കെ, താങ്ക്സ് അണ്ണൈ... ങേ! അഞ്ചു മണിക്കോ? അപ്പൊ മൂ... മൂ... മൂന്നിന്റെ വണ്ടി?” “അന്ത വണ്ടി വരലെ. റിപ്പയര്‍ ആയിടിച്ച്” “ കടവുളേ, ചതിച്ചോ?” ഇനി എങ്ങനെ ആറു മണിക്ക് ബാംഗളൂര്‍ എത്തും? കുടുങ്ങി. 

അപ്പോഴത്തെയും പിന്നെ അങ്ങോട്ട്‌ കൊടൈ എത്തുന്നതു വരെയും ഉള്ള എന്‍റെ മാനസികാവസ്ഥ ഇവിടെ എഴുതി ഫലിപ്പിക്കാന്‍ പറ്റും എന്നാ വിശ്വാസം എനിക്കില്ല. അത്ര ഭീകരം. മനസ്സില്‍ അപ്പോഴുള്ള ഒരേ ഒരു ചിന്ത എങ്ങനെയും അവിടെ നിന്നു രക്ഷപെടണം എന്നതു മാത്രമാണ്. ആകപ്പാടെ വിരണ്ട അവസ്ഥ. പൂസായ മത്തായി. പാതി ബോധം ഉള്ള ഞാന്‍. ഒരു പരിചയവും ഇല്ലാത്ത സ്ഥലം. രാത്രി കൂടി ആയിരുന്നെങ്കില്‍ മിക്കവാറും പേടിച്ചു ചത്തേനെ. എന്താ ഒരു വഴി? “ഇങ്കെ ടാക്സി എതാവത് കെടക്കുമാ?” “ടാക്സിയാ? കിക്കിക്കി....” ദൈവമേ, ഇനിയിപ്പോ എന്താ ചെയ്യാ? (ആറു മണിക്കുള്ള വണ്ടി കിട്ടിയില്ലെങ്കിലും പല വണ്ടി മാറിക്കയറി ബാംഗ്ലൂര്‍ എത്താം എന്നെ ചിന്ത പോലും മനസ്സില്‍ വരുന്നില്ല. ഒരേയൊരു ചിന്ത മാത്രം: എങ്ങനെയും ആറു മണിക്കു കൊടൈ എത്തണം). പെട്ടെന്ന് ഒരുത്തന്‍ പ്രത്യക്ഷപ്പെട്ടു. “തമ്പീ ടാക്സി ഇരുക്ക്. പോകലാമാ?” ബാലരമയിലെ ചമതകന്റെ മോന്തയുള്ള ഒരുത്തന്‍. പര ഫ്രാഡ് ആണെന്നു മുഖത്ത് പ്രിന്‍റ് ചെയ്തു വെച്ചിട്ടുണ്ട്. പോയാലോ? റേറ്റ് ചോദിച്ചു. 1300 രൂപ. കര്‍ത്താവേ, ഇങ്ങോട്ടു വെറും ഇരുപത്താറു രൂപാ കൊടുത്താ വന്നത്. ഒടുവില്‍ മാരകപ്പേശു പേശി 1100 നു സമ്മതിപ്പിച്ചു. “മത്തായീ, പോയാലോ? 1100 ആ ചോദിക്കുന്നെ” “1100 അല്ല, പതിനായിരം വേണേലും കൊടുക്കാം. പോലീസ്‌ വരുന്നേനു മുന്നേ നമ്മുക്കു രക്ഷപെടാമെടെ” ചമതകന്‍ പതുക്കെ എന്‍റെ അടുത്തു വന്നിട്ട് “മഷ്റൂം എതാവത് വേണമാ സാര്‍?” “മഷ്റൂം, അവന്‍റെ അമ്മേടെ.... വണ്ടി എടടെ @#$%^&" എന്നു മത്തായി

ചമതകന്‍ പുള്ളീടെ വണ്ടിയിലേക്ക് ഞങ്ങളെ ആനയിച്ചു. ജാംബവാന്റെ മൂത്ത ചേട്ടന്‍ ഉപയോഗിച്ചോണ്ടിരുന്ന ഒരു ജീപ്പ്‌. ഇതു സ്റ്റാര്‍ട്ടാകുമോ? ചമതകന്‍ വണ്ടിയില്‍ കയറിയപ്പോള്‍ കുറെ പിള്ളേര് വണ്ടിക്കു ചുറ്റും കൂടി. ഒരു പത്തു മിനിറ്റ് നേരത്തെ കഠിന ശ്രമത്തിനു ശേഷം വണ്ടി സ്റ്റാര്‍ട്ടായി. ചുറ്റും കൂടി നിന്ന പിള്ളേര്‍ ആര്‍പ്പു വിളിച്ചു. പിള്ളേരല്ലേ,  അവര്‍ ജനിച്ചിട്ട് ആദ്യമായിട്ടായിരിക്കും ഈ സാധനം സ്റ്റാര്‍ട്ടായി കാണുന്നത്. വണ്ടിക്കു ഡീസല്‍ അടിക്കാന്‍ 500 രൂപാ ആദ്യം തന്നെ പളനിവേലന്‍ (ചമതകന്റെ ശരിക്കുള്ള പേര്) വാങ്ങി. മത്തായിയെ വണ്ടീടെ പുറകില്‍ ഇരുത്തി. ഞാന്‍ മുന്നില്‍ കയറി. വണ്ടി അനങ്ങിത്തുടങ്ങിയപ്പോള്‍ മൂന്നു മണീടെ ബസ്‌ കാത്തിരുന്നവന്മാരെല്ലാം കൂടെ വണ്ടി വളഞ്ഞു. രണ്ടു പേരെ കയറ്റാം എന്നു പളനി. മത്തായി പേടിച്ചു വിരണ്ടു. പുള്ളി വണ്ടിക്കകത്തിരുന്നു ഫുള്‍ ബഹളം. ഒരുത്തനേം കയറ്റാന്‍ സമ്മതിക്കുന്നില്ല. ബോധമുള്ള ഒരുത്തനെങ്കിലും കയറിയിരുന്നെങ്കില്‍ നന്നായിരുന്നു. “സാര്‍, ഒരു ഹോസ്പിറ്റല്‍ കേസ്‌ ഇരുക്ക്. അവരെ മട്ടും ഏത്തിടലാമാ?” “പണ്ടാരടങ്ങാന്‍, ആരെയെങ്കിലും കേറ്റെടെ. വേഗം വണ്ടിയെടുക്ക്. മത്തായീ, ആരേലും കേറട്ടെ. എങ്ങനെയെങ്കിലും ഇവിടുന്നു സ്ഥലം വിടാം” ഞാന്‍ നോക്കിയപ്പോള്‍ ഒരു പെണ്ണ് വളിച്ച ചിരിയുമായി ദാ കയറുന്നു. ഇത് കേസുകെട്ടു തന്നെ. കൂടെ ഒരു പയ്യനും കയറി. പളനീടെ എര്‍ത്ത്‌ ആയിരിക്കും. ഡീസല്‍ അടിക്കാന്‍ പളനി ഇറങ്ങിപ്പോയി. അപ്പോഴും ബസ്‌ യാത്രികര്‍ വണ്ടീടെ ചുറ്റിലും ഉണ്ട്. ജീപ്പിന്‍റെ പുറകില്‍ പടുതാ ഇട്ടിരിക്കുന്നതു കൊണ്ട് പുറകില്‍ നടക്കുന്നതൊന്നും കാണാന്‍ വയ്യ. (പോലീസ്‌ വന്നു, പളനി ഓടി, ഞാന്‍ ഇപ്പൊ ഇറങ്ങി ഓടും എന്നതായിരുന്നു മത്തായിയുടെ മനസിലെ അപ്പോഴത്തെ ചിന്ത എന്നു പിന്നീട് ബോധം വന്നപ്പോള്‍ പറഞ്ഞു).

ഒടുവില്‍ ജീപ്പ്‌ പുറപ്പെട്ടു. ഒരു കാര്യം ഉറപ്പായി. വണ്ടീടെം വഴീടെം കണ്ടീഷന്‍ വെച്ച് 30 കിലോമീറ്റര്‍ ഓടി നമ്മള്‍ കൊടൈ എത്തുന്ന പ്രശ്നമില്ല. അത്രയ്ക്ക് ദയനീയമായ യാത്ര. ഞാന്‍ ഇടയ്ക്കു പുറകിലേക്ക് നോക്കുന്നുണ്ട്. മത്തായി ആ പയ്യനോട് എന്തൊക്കെയോ സംസാരിക്കുന്നു. ഇടയ്ക്കു താഴെ ചാക്കില്‍ ഇരിക്കുന്ന ക്യാരറ്റുകളോടും എന്തൊക്കെയോ പറയുന്നുണ്ട്. ക്യാരറ്റ് ചാക്കില്‍ പോലീസിന്റെ വാക്കിടോക്കി കണ്ടത്രെ. പയ്യനും പെണ്ണും പരസ്പരം നോക്കി ചിരിക്കുന്നു. പെട്ടെന്നാണ് ഒരു കാര്യം ഓര്‍ത്തത്. കയ്യില്‍ ആകെ നൂറു രൂപ ബാക്കിയുണ്ട്. എങ്ങാനും കൊടൈ എത്തിയാല്‍ ഇയാക്ക് കാശ് കൊടുക്കണം. ATM ല്‍ നിന്ന് എടുത്തു കൊടുക്കാം. അയ്യോ, പിന്‍ ഓര്‍മ വരുന്നില്ല. കുറെ നേരം ആലോചിച്ചു. രക്ഷയില്ല. ഇനി എന്തു ചെയ്യും? കൊടൈ എത്തി ഇയാളുടെ കാലില്‍ വീണാലോ? കയ്യിലുള്ള ക്യാമറ ഇയാള്‍ക്ക് കൊടുക്കേണ്ടി വരുമോ?

ഇടയ്ക്കു ബോധം പൂര്‍ണമായും നോര്‍മലാകും. വീണ്ടും പെട്ടെന്നു കൂടും. അതാണ്‌ ഈ സാധനത്തിന്‍റെ ഒരു ലൈന്‍. പണ്ടാരം. ഒന്നു നോര്‍മലായാല്‍ മതിയായിരുന്നു. :(
അങ്ങേര് ഇടക്ക് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ഞാനും കൂടെ മിണ്ടാതിരുന്നാല്‍ ഞങ്ങള്‍ രണ്ടും പൂസാണെന്ന് ഇങ്ങേര്‍ക്ക് മനസിലാകും. എന്തെങ്കിലും സംസാരിക്കാം. 
“നീങ്ക എന്ന പണ്രെ അണ്ണൈ?” 
“നാന്‍ ടീവി മെക്കാനിക്ക്‌ സാര്‍”
“ങേ?"
"ഇന്ത ഏരിയാവിലെ എല്ലാ ടീവിയും നാന്‍ താന്‍ റിപ്പയര്‍ പന്ന്രത്" 
"ഓഹോ" (തോന്നിയതാവും)

ഇടയ്ക്കു  വണ്ടി ചൂടായി പുക വരാന്‍  തുടങ്ങിയപ്പോ വണ്ടി വഴിയില്‍ നിര്‍ത്തി വെള്ളമൊഴിച്ചു തണുപ്പിച്ചു. വീണ്ടും പുറപ്പെട്ടു. 
"അണ്ണേ, റോഡ്‌ റൊമ്പ മോശം, ഇന്ത കണ്ടീഷനില്‍ വണ്ടി അങ്കെ എത്തുമാ?" - ഞാന്‍.

"കവലപ്പെടാതെ സാര്‍. ഇന്ത വണ്ടി ബ്രിട്ടീഷ്കാരന്‍ യൂസ് പണ്ണത്. റൊമ്പ നല്ല കണ്ടീഷന്‍. അപ്പറം ഇന്ത റോഡ്‌ നാന്‍ താന്‍ റിപ്പയര്‍ക്ക്  കോണ്ട്രാക്റ്റ് എടുത്തത്. കൊഞ്ചം പ്രോബ്ലം ഇരുന്തെ, അതിനാലെ നല്ലാ പണ്ണ മുടിയലെ"

ങേ, ബ്രിട്ടീഷുകാരന്‍ ഉപയോഗിച്ച മഹീന്ദ്രാ ജീപ്പോ? ടീവീ മെക്കാനിക്കായിരുന്ന ചമതകന്‍ എങ്ങനെ പെട്ടെന്ന് കോണ്ട്രാക്ടര്‍ ആയി? എന്തോ കുഴപ്പമുണ്ടല്ലോ.  അപ്പോഴാണ്‌ വണ്ടി ഓടിക്കുന്ന അവതാരത്തെ ശെരിക്കും ശ്രദ്ധിച്ചത്. പുള്ളി ഇടയ്ക്കു ചിരിക്കുന്നു. ഇടയ്ക്കു ചുമ്മാ കൈ വെളിയില്‍ ഇട്ടു വീശുന്നു. ഇടയ്ക്കു രണ്ടു കയ്യും വിട്ടു മുഖത്തിനിട്ട് അടിക്കുന്നു. ചില സ്ഥലങ്ങളില്‍ ഗിയര്‍ ഒക്കെ മാറ്റാന്‍ മറന്ന് വണ്ടി ഓഫായി വീണ്ടും സ്റ്റാര്‍ട്ടാക്കുന്നു! 


ഫഗവാനേ, ഇങ്ങേരും കൂണു കഴിച്ചിട്ടു വന്നിരിക്കുവാണോ?


ഒരു കാര്യം ഉറപ്പായി. ജീവനോടെ കൊടൈ എത്തുന്ന പ്രശ്നമില്ല. വഴിയിലുള്ള ഓരോ മൈല്‍ക്കുറ്റിയും എണ്ണിക്കോണ്ട് ഒന്നും മിണ്ടാതെ ഇരുന്നു. മറ്റൊരു ചിന്തയും കൂടി മനസിലേക്കു വന്നപ്പോള്‍ (ഭാഗ്യത്തിന് ആ ചിന്ത കൊടൈക്കനാല്‍ എത്താന്‍ അഞ്ചു കിലോമീറ്റര്‍ മാത്രമുള്ളപ്പോഴാണ് -എന്നു വെച്ചാല്‍ അര മണിക്കൂര്‍ സമയം കൂടി - തോന്നിയത്). ബോധമില്ലാത്ത ഞങ്ങള്‍ രണ്ടു പേര്‍. വണ്ടിയില്‍ ഒരു പെണ്ണ്. ഒരു പരിചയവും ഇല്ലാത്ത സ്ഥലം. ഈ ഡ്രൈവറെന്നു പറയുന്നവന്‍ കൊടൈ എത്തി ചുമ്മാ ഒന്നു ബഹളം വെച്ചാല്‍... പെണ്ണും കൂടെ നമുക്കെതിരെ പറഞ്ഞാല്‍....     

ജീവിതത്തില്‍ ഒരു കാര്യത്തിനും ദൈവത്തെ വിളിച്ചു ബുദ്ധിമുട്ടിക്കാത്ത ഞാന്‍ ആ യാത്രയില്‍ എത്ര തവണ ദൈവത്തെയും സ്വന്തം വീട്ടുകാരെയും ഓര്‍ത്തു  എന്നോര്‍മയില്ല.


കൊടൈ എത്താന്‍ ഒരു കിലോമീറ്റര്‍മാത്രം ബാക്കിയുള്ളപ്പോഴും എനിക്ക് ഉറപ്പില്ല എത്തുമോ ഇല്ലയോ എന്ന്.


ഒടുവില്‍ എത്തി. അപ്പോഴും ബോധമുണ്ടോ എന്നു ചോദിച്ചാല്‍ വ്യക്തമല്ല. ATMല്‍ കയറി. പിന്‍ ഓര്‍മയുണ്ട്. ഹാവൂ.... പകുതി ആശ്വാസം. മത്തായിയും ചമതകനും പെണ്ണും പയ്യനും ഇപ്പോഴും വണ്ടിയില്‍. അയാള്‍ ആളെ വിളിച്ചു കൂട്ടിക്കാണുമോ? ഭാഗ്യം ഒന്നും സംഭവിച്ചിട്ടില്ല.


രൂഭാ 1200 എടുത്തു  ചമതകന്റെ കയ്യില്‍ വെച്ചു കൊടുത്ത്. "അണ്ണൈ, നൂറു രൂപാ എക്സ്ട്രാ ഇരുക്ക്. ഞങ്ങളെ ജീവനോടെ ഇവിടെ എത്തിച്ചതിന്"


പളനിഒന്നും മിണ്ടാതെ സ്ഥലം വിട്ടു. ഹാവൂ.... പറഞ്ഞറിയിക്കാന്‍ പറ്റാത്ത ആശ്വാസം. ഇപ്പൊ ഞാനും മത്തായിയും നോര്‍മല്‍. പെട്ടെന്നാണ് ഒരു കാര്യം ഓര്‍ത്തത്. ഡീസല്‍ അടിക്കാന്‍ ആദ്യം പളനിക്ക് അഞ്ഞൂറു രൂവാ കൊടുത്താരുന്നല്ലോ! ദൈവമേ, അവസാനം കാശു കൊടുത്തപ്പോള്‍  അതു മറന്നു! 1100 നു മരണപ്പേശു പേശിയിട്ട്  അവസാനം 1700 കൊടുത്ത് അഡ്ജസ്റ്റു ചെയ്തു!

കൊടൈ ബസ്‌ സ്റ്റാന്ടിന്‍റെ  വെയ്റ്റിംഗ് റൂമിലിരുന്ന് ഒരു അര മണിക്കൂറോളം ചിരിച്ചു കാണും, നടന്ന കാര്യങ്ങള്‍ ഓര്‍ത്ത്‌. രണ്ടു പേരും അവനവനു തോന്നിയ കാര്യങ്ങള്‍ പങ്കു വെച്ചു. ആലോചിക്കുമ്പോള്‍ ഇപ്പോഴും ചിരി വരുന്നു. തലയ്ക്കു  ബോധം ഉണ്ടായിരുന്നെങ്കില്‍ കൂളായി ഹാന്‍ഡില്‍ ചെയ്യുമായിരുന്നു കാര്യം പരമാവധി കോമ്പ്ലിക്കേറ്റഡ് ആക്കി.... പേടിച്ചു വിറച്ച് .....  ആറു മണിയുടെ രാജഹംസയില്‍ ബാംഗ്ലൂര്‍ക്ക്‌ കയറുമ്പോഴും ചിരി നിര്‍ത്താന്‍ രണ്ടു പേരും പാടു പെടുകയായിരുന്നു :)

ജീവിതത്തില്‍ അങ്ങനെയും ഒരനുഭവം. 


"അമ്മച്ചിയാണേ, ഇനി മേലാല്‍ പരിചയമില്ലാത്ത സ്ഥലത്തു പോയി ഇത്രയും റിസ്കെടുത്ത്  ഇജ്ജാതി  സാധനങ്ങള്‍ പരീക്ഷിക്കില്ല  :("വാല്‍ക്കഷണം: അവിടുന്നു പൊതിഞ്ഞു കെട്ടി ബാംഗ്ലൂര്‍ക്ക് കൊണ്ടുവന്ന മഷ്രൂം മത്തായിയുടെ നേതൃത്വത്തില്‍ റൂമിലിരുന്ന് (പുറത്തു പോകാന്‍ പേടിച്ചിട്ടേ!) ചിലര്‍ കഴിച്ചെങ്കിലും ഏകാന്തതയും പ്രകൃതി സൗന്ദര്യവും ഇല്ലാത്തതിനാല്‍ ഒന്നും സംഭവിക്കാതെ ഉദ്യമം പരാജയപ്പെട്ടു. 
മുന്നറിയിപ്പ്: ഈ ബ്ലോഗില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് ആരും മാജിക് മഷ്രൂം പരീക്ഷിച്ചു നോക്കരുതെന്ന്‌ അപേക്ഷ. 


കൃത്യം  നടന്ന സ്ഥലത്തിന്‍റെ ചില ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു:


 
ചിന്നവന്നൂര്‍ ഗ്രാമം


ടെന്റ് അടിച്ച മൊട്ടക്കുന്ന്


തടാകം -മൊട്ടക്കുന്നില്‍ നിന്നുള്ള കാഴ്ച 
മത്തായിയുടെ (കു)പ്രസിദ്ധമായ ടെന്റ്

35 comments:

 1. നിനക്കു കിട്ടിയതൊന്നും പോര അല്ലേടാ?

  ReplyDelete
 2. അല്പം നീണ്ടുപോയി . എങ്കിലും ഇഷ്ടപ്പെട്ടു.

  ReplyDelete
 3. നീയൊക്കെ കൊടൈലുള്ള മൊത്തം മഷ്രൂമും തീര്‍ത്തെന്നാ കേട്ടത് :)

  ReplyDelete
 4. കൊള്ളാം... നല്ല യാത്രാവിവരണം... പടംസ് കഥേടെ ഇടയില്‍ ഇടാര്‍ന്നു... :P

  ReplyDelete
 5. ഫോട്ടംസ് നന്നായിട്ടുണ്ട്

  ReplyDelete
 6. Eppozalle ninakku oru kuunnitte shape enginne kittiyennu manasilayathu.... Kuunn adichu kick marathathu kondariyunno ethrayum Gap....

  Anyway Jubishee nee veedum thakarthu.... Adutha post undan prathishikyunnu..

  Jithesh

  ReplyDelete
 7. നമിച്ചു അണ്ണേ..നമിച്ചു!
  കിടു വിവരണം...കിടു അനുഭവം...ശരിക്കും ടെന്‍ഷന്‍ അടിച്ചു.
  സൂപ്പര്‍ബ്!

  (അടുത്ത അമിട്ട് മീറ്റ് ആണ്ടിച്ചാമിയുടെ വീട്ടിലാക്ക്യാലോ?)

  ReplyDelete
 8. ദേ മഷ്റൂം പോസ്റ്റ് വായിച്ചാല്‍ തലകറങ്ങുമോ? സത്യമായിട്ടും തല കറങ്ങുന്നു....

  നിങ്ങ കിത്തൂസ് അല്ല കിക്കൂസ് ആണ് കിക്കൂസ് കിക്കിന് വേണ്ടി എന്തും ചെയ്യുന്നവന്‍

  ReplyDelete
 9. ടക്സുട്ടന്‍ പറഞ്ഞ പോലെ പടം ഇടേല്‍ ഇടായിരുന്നു....

  ReplyDelete
 10. സംഗതി ജോറായി ..... ഇനിയെന്നാ അടുത്ത യാത്ര

  ReplyDelete
 11. ദിതാണ് അല്ലെ അന്ന് പറഞ്ഞ മാജിക് മഷ്രൂം !! :) എന്തായാലും ഒരെണ്ണം ഇങ്ങോട്ട് പാര്‍സല്‍ അയക്കമാരുന്നു..!!

  ReplyDelete
 12. കിത്തൂസേ സൂപ്പര്‍ ..
  ഫിറ്റായിട്ടുള്ള ആ ഫീലിങ് ഒക്കെ ശെരിക്ക് മനസിലായി...
  പോസ്റ്റിന്‍ നീളം കൂടിയതൊന്നും സാരമില്ല! അടിപൊളിയായി വിവരിച്ചിട്ടുണ്ട്!

  ReplyDelete
 13. കിട്ടിയതൊന്നും പോര അല്ലേടാ?

  ഡേയ് ആ മഷ്രൂം ഇത്രേം ചാത്തന്‍ സാധനമാണെന്ന് കരുതീല. #വായിച്ചു തീര്‍ന്നതും തലേടെ വെളിവ് പോയി

  ReplyDelete
 14. മഷ്രൂം വിമുക്തമായ ചിന്നവന്നൂര്‍ ഗ്രാമം, അതായിരുന്നു ആ മഹാന്‍ കണ്ട സ്വപ്തം ... ! ആണ്ടിചാമി,

  നന്നായിട്ടുണ്ട്...!

  ReplyDelete
 15. കിക്കായ കിത്തൂസും മത്തായ മത്തായിയും!!!! അളി ആ വഴി ഒന്ന് പറഞ്ഞു തരുവോ!!!....കൊള്ളാട്ട!!

  ReplyDelete
 16. good ... expecting more posts

  ReplyDelete
 17. legthy but good attempt......nice description of kick..lol ... jjk

  ReplyDelete
 18. നിനക്കൊക്കെ കിക്കാവാന്‍ ഈമ്മാതിരി ഊര്‍ജന്‍ ഐറ്റംസ് തന്നേ വേണം, അതും പന്ത്രണ്ടണ്ണ്ം അടിച്ചിട്ട് പിടിച്ചില്ല എന്നും പറയുന്നു‌ .

  നല്ല രസം ഉണ്ടടാ..കിഡിലം ഫ്ളോ ആണ്.
  പോസ്റ്റിന്റെ നീളം കണ്ട് ഒരു ശ്വാസം അകത്തോട്ട് വലിച്ചാണ് വായിച്ചുതുടങ്ങിയതെങ്കിലും ..തീര്‍ന്നത് അറിഞ്ഞില്ല‌.
  തീര്‍ന്നപ്പോ തലയ്ക്കൊരു കിക്കും !!

  ReplyDelete
 19. വേണ്ടാതീനം കാണിച്ചിട്ട് അത് പോസ്റ്റ്‌ ആക്കുന്നോ(വെറുതെ തള്ളീതല്ലേ?) ഹും അടുത്തത് പോരട്ട്

  രസമുണ്ട് വായിക്കാന്‍ ഗുഡ് ടെ

  ReplyDelete
 20. Kollam nannayittundu....

  Kathapathrangale okke nerittu ariyavunna karanam, oro rangavum manasil kanan patti.....

  Avante ford vandi pandu ooty trip muthal vazhil kona anu......paranjittu karyam illaaaa.

  ReplyDelete
 21. @സുധീര്‍: ഇത്രയും കാര്യങ്ങള്‍ ഇതിലും കുറച്ചു വിവരിക്കാന്‍ പാടാ ഭായ്‌ :)

  @വേടന്‍: അടുത്ത അമിട്ട് മീറ്റിന് കുറച്ചു പോതിഞ്ഞോണ്ടു വന്നാലോ?

  @ടക്സുട്ടന്‍: ആദ്യം ആലോചിച്ചതാ. പിന്നെ ഫോട്ടംസ്‌ എല്ലാം ഒരേ സ്ഥലത്തിന്‍റെ അല്ലേ? കഥ പോകുന്നതനുസരിച്ചു ഫോട്ടംസ്‌ മാറിയിരുന്നെല്‍ ഇടയ്ക്കു ചാമ്പാരുന്നു.

  @canishk: നന്ദി :)

  @jithesh ഡാങ്ക്സ് അളിയോ :)

  ReplyDelete
 22. @അരവിന്ദ്‌: ചില്‍സ്, തിരക്കാണെന്നറിയാം. എന്നാലും വായിക്കാന്‍ സമയം കളഞ്ഞതിനു താങ്ക്സ് ഉണ്ടേ :)

  @ചെല: കിക്കൂസ്‌ എന്നു തന്നെയല്ലേ പറഞ്ഞെ? അക്ഷരം മാറീട്ടില്ലല്ലോ? :)

  @Ranjith: ഒരെണ്ണം കൊണ്ടു തന്നേ മതിയായി റെക്കോസേ :)

  @cALviN::കാല്‍‌വിന്‍ :)

  @റെപ്പ്: അടുത്ത തവണ നമ്മക്ക് ഒന്നിച്ചു പോകാം വിഷ്ണൂ :)

  @ധനേഷ്: നന്ദിയുണ്ട് ധനേഷേ നന്ദിയുണ്ട് (നന്ദി മാത്രം :))

  @KURIAN KC: കുരീ, നിങ്ങക്കു വെളിവുണ്ടായിരുന്നു എന്ന് ഇപ്പഴാ അറീന്നെ :)

  @Kalpak S: നന്ദി :)

  @onninumkollaathavan: വഴി തീര്‍ച്ചയായും നേരിട്ടു കാണുമ്പോള്‍ പറയാം :)

  @ആളവന്താന്‍ :)

  @വിനു സേവ്യര്‍: വിന്ചേട്ടാ ദാങ്ക്സ് ഉണ്ടേ :)

  Ammulu(അമ്മുലു): മലയാളത്തില്‍ ഇടുന്ന കമന്റ്സ് മാത്രം സ്വീകരിക്കും :)

  Vempally|വെമ്പള്ളി: വെമ്പള്ളി ചേട്ടോ, വിയന്നേല്‍ ഈ മഷ്റൂം കിട്ടുമോന്ന് ഒന്ന് അന്വേഷിക്കാമോ? :)

  Nikhil: അതു ഫോര്‍ഡിന്റെ കുഴപ്പമല്ലടെ. പാപി ചെല്ലുന്നിടം... :)

  ReplyDelete
 23. പ്രക്ഷോഭവും കർഫ്യൂം ഒക്കെയായി ആകെ തിരക്കിലായിരുന്നതിനാൽ ഇത് ഇന്നാണു വായിക്കാൻ കഴിഞ്ഞത്. കിടിലം.. ന്നു പറഞ്ഞാൽ കിടിലം.ഫിറ്റിന്റെ കാര്യം പറഞ്ഞ് ഇപ്പൊൽ കിത്തൂസ് എന്നു കേൾക്കുമ്പോൾ തന്നെ കള്ളുകുപ്പിയുടെ രൂപമാണൂ മനസ്സിൽ വരുന്നത്.. :-)

  ReplyDelete
 24. This comment has been removed by the author.

  ReplyDelete
 25. മഷ്റൂം ഇങ്ങിനെയുമോ?
  ശരിക്കും വായിച്ചു തീര്‍ന്നപ്പോഴേക്കും കെട്ടു വിട്ടു.
  കൊള്ളാം,
  നല്ല വിവരണം
  ആശംസകള്‍.

  തുറന്നു പറയട്ടെ
  ആദ്യ പോസ്റ്റിന്‍റെ അത്ര പോര

  ReplyDelete
 26. മകനെ കിത്തൂസ്.....ഇപ്പോളാ എനിക്ക് ആളെ പിടി കിട്ടിയത്....മാജിക് മഷ്രൂം കൊള്ളാം.....എന്തായാലും വീട്ടില്‍ വരുമ്പോള്‍ പപ്പായോടും മമ്മിയോടും ഈ ലീലാ വിലാസങ്ങള്‍ ഒന്ന് പറയണമല്ലോ....

  ReplyDelete
 27. എഴുത്ത് ഇഷ്ട്ടായി ഫോട്ടോകളും ഇഷ്ട്ടപ്പെട്ടു പക്ഷെ ഇത്തിരി നീണ്ടു പോയില്ലേ എന്ന് തോന്നി... :)

  ആശംസകളോടെ
  http://jenithakavisheshangal.blogspot.com/

  ReplyDelete
 28. hey boys i really like it ur magic mashroom

  ReplyDelete
 29. This comment has been removed by the author.

  ReplyDelete
 30. പൊളിച്ചു ശരിക്കും

  ReplyDelete
 31. പൊളിച്ചു ശരിക്കും

  ReplyDelete